Total Pageviews

Sunday, May 8, 2011

അശ്വം

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.

ഇല്ലെനിയ്ക്കരനേരം പോലുമിനിനിന്റെ
ഉദ്യാനവാടിയില്‍ ലീലകളാടുവാന്‍.
കേട്ടില്ലേ നീയാ പടഹധ്വനികള്‍
നവരാക്ഷസരുടെ ജയഭേരികളും.

ഇല്ലെനിയ്ക്കാവില്ലിനിയെന്റോമനേ
പ്രണയഗീതങ്ങള്‍ നിനക്കായി പാടുവാന്‍.
ഇല്ലിനിമേലില്‍ നാമിരുപേരും മന്മഥ-
ലിലകളാടി സ്വയംമറന്നീടില്ല.

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.

കേട്ടില്ലേ നീയാ പടഹധ്വനികള്‍
നവരാക്ഷസരുടെ ജയഭേരികളും.
ഇല്ലെനിയ്ക്കരനേരം പോലുമിനിനിന്റെ
ഉദ്യാനവാടിയില്‍ ലീലകളാടുവാന്‍.

തച്ചുതകര്‍ക്കുകയാണവര്‍ മാനുഷ-
സോദരസ്‌നേഹത്തിന്‍ തത്വശാസ്ത്രങ്ങളെ.
വേദഗ്രന്ഥങ്ങളെ മാറ്റിമറിച്ചവര്‍
സ്വാര്‍ത്ഥരാഷ്ട്രത്തെ പടുത്തുയര്‍ത്തീടുവാന്‍.

രാവിലിരുട്ടില്‍ കുറുനരിയോരിയും
കവരുന്ന ചാര്യത്ര്യത്തിന്റെ ഞരക്കവും
കൂടിക്കഴഞ്ഞമരുകയാണല്ലോ ഈ
മ്ലേച്ഛവര്‍ഗ്ഗത്തിന്റെ അട്ടഹാസങ്ങളില്‍.

നാരിമഹാനദി സ്‌നേഹപ്രവാഹവും
വാത്സല്യാമൃതം നിറയും തടാകവും
ധരണിപോല്‍, ദേവിയായ് ആരാധിയ്‌ക്കേണ്ടവള്‍
മാതൃത്വം പേറും, പൂവിതളുപോലുള്ളവള്‍.

നിന്നുവോ നിന്റെ ഹൃദയത്തുടിപ്പകള്‍
മാനം കവര്‍ന്നിട്ടാപെണ്ണിനെപ്പിന്നെയാ-
തീക്കുണ്ഠത്തിലേയക്കു വലിച്ചെറിയുംമുമ്പാ
രാക്ഷസ കാമപ്പേക്കൂത്തു കണ്ടീടവേ.

ഉയരുന്ന ധൂമ പടലങ്ങള്‍ക്കൊപ്പമേ
ചിതറിത്തെറിയ്ക്കുന്നു മാംസത്തിന്‍ തുണ്ടുകള്‍.
സൂര്യവെളിച്ചം മറയ്ക്കും ചിറകുമായ്
പാറിവന്നെത്തുന്ന കഴുകന്റെ കൂകലില്‍.

ദൈന്യമലിഞ്ഞുചേരുന്നിളം പൈതലിന്‍
അനാഥത്വത്തിന്റെ രോദനം കേള്‍ക്കാമോ?
പിഞ്ചുകുടല്‍മാല കൊത്തിപ്പറിച്ചിട്ടാ
പൈതലിന്‍ജീവനെടുക്കുന്നു കഴുകന്മാര്‍.

തുരന്നിടും നിന്റെ ശ്രവണപുടങ്ങളെ
പൈതലിന്‍ രോദനം ചാട്ടുളി പോലെയാ
കംസന്റനുചരര്‍ ചുഴറ്റിയുയര്‍ത്തിയാ-
കുഞ്ഞിനെ പാറമേലാഞ്ഞടിച്ചീടവേ.

ഇല്ലെനിയ്ക്കാവില്ലിനിയെന്റോമനേ
പ്രണയഗീതങ്ങള്‍ നിനക്കായി പാടുവാന്‍.
ഇല്ലിനിമേലില്‍ നാമിരുപേരുംമന്മഥ-
ലിലകളാടി സവയംമറന്നീടില്ല.

കണ്ടുവോ നീയെന്റെ അശ്വത്തെയാ-
ചോലമരച്ചോട്ടില്‍ അസ്വസ്ഥനായ്
കാത്തുനില്‍ക്കുകയാണെന്നെയവനാ
പോര്‍ക്കളത്തിലേയ്ക്ക് ആനയിയ്ക്കാന്‍.