Total Pageviews

Friday, March 18, 2011

ഉടവാള്‍

ആരുപേക്ഷിച്ചതെന്നെയീ വഴി-
യൊരത്തെന്തിന്നെന്നറിയി-
ല്ലയെന്നാലറിയുന്നു ഞാ-
നിന്നു ഞാനുമെന്നെയുപേ-
ക്ഷിച്ചതിവിടെയീ വഴിയിലല്ലോ!


കയറിയില്ലിറങ്ങിയില്ലല്പവും
ഞാനെന്നെ നഷ്ടപ്പെടുത്തിയോ-
രീപ്പടിമേലമര്‍ന്നുപോയെങ്കിലും,
എന്നെ തേടുന്നണ്ടോരൊ
വ്യഥ ചിന്തകളിലാ
ഋതുക്കളില്‍ പാഴ്‌ച്ചെടിയി-
ലുമാക്കാട്ടിലും ഇരുട്ടിലും
വൃഥായെന്നറിയുന്നുവെങ്കിലും!


നഷ്ടമായതെന്തോ,
അതുവരും, വരാതിരിയ്ക്കില്ലാ-
പ്രതീക്ഷയൊരു ചെറുവെട്ടമാ-
യെന്നെ പുതച്ചൊരീയിരുട്ടി-
ല്ലകലത്തിലാ ചരുവില്‍ കണാ-
മെന്നാലതിന്‍ മേലേയൊരാരവവും
കേള്‍ക്കാമെന്‍ രക്തംതിളപ്പി-
യ്ക്കുമാറുച്ചത്തില്‍ രോദനങ്ങളും!


ബലമേറുന്നുണ്ടെന്‍,
കരളിലീ കൈകാല്‍കളില്‍,
ക്ഷോഭമേറ്റുന്നെന്‍ ചിത്തമെന്‍
ചിന്തകളിലതുപോല്‍
ലഹരിനുരഞ്ഞോരെന്‍ ഹൃദയം
വറ്റിയ സാഗരമായൊരു
മഹാ മണല്‍ക്കുഴിതീര്‍ത്ത-
തെന്‍ സ്വപ്‌നങ്ങള്‍തന്‍ കുഴി-
മാടമാക്കി പിന്നെ സ്വയം
സ്ഫടികം മുറിയ്ക്കും വജ്രംമാ
യിന്ദ്രന്റെ വജ്രായുധംപ്പോല്‍!


കേള്‍ക്കുന്നു ഞാനാ നിലവിളി,
ഭൂമിതന്‍ മാംസം വെന്ത മണ-
മെന്‍ നാസാരന്ധ്രങ്ങളില്‍
നിറയ്ക്കുന്നീ പൂമണത്തിന്മേലേ!


കണ്ടു ഞാനായുധങ്ങളുരഞ്ഞു-
യര്‍ന്ന തീപ്പൊരികള്‍, കുന്ത-
മുനയില്‍ കോര്‍ത്തെറിഞ്ഞ
കുഞ്ഞിന്റെ പിളര്‍ന്ന തലയോട്ടിയും
ചിതറിത്തെറിച്ചൊരാ കുത്തരി-
ച്ചോറുപോലുള്ള തലച്ചോറും!


രണ്ടായിപ്പിളര്‍ന്ന, നിഷ്‌കള-
ങ്കക്കൗമാരത്തിന്നരക്കെട്ടു-
മതില്‍ വാര്‍ന്നുണങ്ങിയ
രക്തക്കറയുമിളം കൗമാരം
ഇളകിത്തുള്ളിയ മാംസളതയില്‍
വരഞ്ഞാഴ്ന്നിറങ്ങിയ ദന്ത-
നഖപ്പാടുകളും, ചിതറിയ
തലമുടിയും, ഉരിഞ്ഞെറി-
ഞ്ഞയുടയാടകളും, പിളര്‍-
ന്ന വായയും, വിണ്ണിലേയ്ക്ക്
തുറിച്ച ചോദ്യക്കണ്ണകളുമാ-
യെന്നനുജത്തിയേ കണ്ടു,
നിന്റെ കുഞ്ഞുപെങ്ങളെ!


പിന്നെ നഗ്നയാമൊരമ്മതന്‍
വെട്ടിപ്പിളര്‍ന്നവയറുമരുകിലാ-
യൊരനാഥ ബാല്യത്തിന്ന-
റുത്തുമാറ്റിയയംഗങ്ങളുമായൊരു
വെന്തുപൊള്ളിയ വായയും!


കഴുകന്മാര്‍ ചെന്നായ്ക്കളാ-
കുറുനരികളും നായ്ക്കളും
ചെളിക്കുണ്ടിലെപ്പുളയ്ക്കുന്ന
തേരട്ടക്കൂട്ടങ്ങളുമിര തേടുന്നേര-
മെങ്ങനെയടക്കും ഞാനെന്‍
ക്ഷോഭത്തെ, അമര്‍ത്തുന്നു ഞാ-
നെന്‍ കത്തുന്ന തൃഷ്ണകളെ!


വരികയെന്നശ്ശ്വമേ, തിളയ്ക്കും
രോക്ഷം നിറച്ചനിന്‍ ഞരമ്പുകള്‍
കരുത്തേകുന്നൊരാ കാലിലെ
കുളമ്പുകുത്തിപ്പറത്തിയാ പൊടി-
പടലത്തിലീയധമലോകത്തിന്‍
കണ്‍കളില്‍ കൂരിരുട്ടുനിറച്ച്
പടവെട്ടി മുന്നേറാമെന്നു-
ടവാള്‍ ഞാനെടുക്കട്ടെ!

No comments:

Post a Comment